ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉത്ഭവിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ് അല്ലെങ്കിൽ 'പഞ്ചായത്തി രാജ് എന്ന് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അഞ്ച് എന്നർഥം വരുന്ന പഞ്ച, സമ്മേളനം എന്നർഥം വരുന്ന ആയത്ത് എന്നീ വാക്കുകൾ ചേർന്നാണ് "പഞ്ചായത്ത്" എന്ന വാക്ക് ഉണ്ടാകുന്നത്. രാജ്" എന്നാൽ ഭരണം എന്നാണ് അർഥം.
ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറയായി മഹാത്മാഗാന്ധി കണ്ടിരുന്ന പഞ്ചായത്തിരാജ്, ഓരോ ഗ്രാമവും സ്വയംപര്യാപ്തത നേടുന്ന തരത്തിലുള്ള വികേന്ദ്രീകൃതമായ ഒരു ഭരണകൂടമാണ്. അത്തരമൊരു കാഴ്ചപ്പാടിന് അദ്ദേഹം നൽകിയ പേര് ഗ്രാമ സ്വരാജ് എന്നായിരുന്നു. പക്ഷെ, ഗാന്ധിജിയുടെ ആ കാഴ്ചപ്പാടിന് പകരം വളരെ കേന്ദ്രീകൃതമായ ഒരു ഭരണസംഹിതയാണ് ഇന്ത്യയിൽ നിലവിൽ വന്നത്. എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിച്ച്, പ്രാദേശിക തലത്തിലേക്ക് നിരവധി ഭരണനിർവ്വഹണ പ്രക്രീയകൾ എത്തിച്ചു കൊണ്ട് ഇത് പരിഷ്കരിക്കപ്പെട്ടു.
1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ അന്നത്തെ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റു ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം ഉദ്‌ഘാടനം ചെയ്തു. 1992 ൽ 73-ാം ഭേദഗതിയിലൂടെ പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി. തുടർന്ന് 1993 ഏപ്രിൽ 24-ന് പഞ്ചായത്തീരാജ് നിയമം പ്രധാനമന്ത്രി നരസിംഹറാവു പാസാക്കി. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനാ വകുപ്പിലെ അനുച്ഛേദം 40 പ്രകാരമാണ്.
കേരള പഞ്ചായത്ത് ആക്ട്, 1960, സാമൂഹ്യ വികസന രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തില്‍ രൂപപ്പെടുത്തുന്നതിനും അധികാരവികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കുന്നതിനും സഹായകമാകും വിധം സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ബല്‍വന്ത്റായ് മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960ലെ കേരള പഞ്ചായത്ത് ആക്ട് നിര്‍മ്മിക്കുകയും 01-01-1962ല്‍ നിലവില്‍ വരികയും ചെയ്തു. ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ട് 922 ഗ്രാമപഞ്ചായത്തുകള്‍ രൂപവല്‍കരിച്ചു.
ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം നിര്‍മ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം.