ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രരഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊണാൾഡിനോടും അഭ്യർത്ഥിച്ചതിന്റെയും, 1930 മേയിൽ സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങൾ നടത്താൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്. ഇന്ത്യയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു വട്ടമേശ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത മുഖ്യ വിഷയം.
1930 നവംബർ 12-ന് ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമനായിരുന്നു ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയ്ക്കു പുതിയൊരു ഭരണഘടന തയ്യാറാക്കുമെന്നു പ്രഖ്യാപനമുണ്ടായി. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ അറിയാനായി ലണ്ടനിൽ വട്ടമേശ സമ്മേളനം നടത്താൻ തീരുമാനിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷൻ. ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും, ഇന്ത്യയിലെ നേതാക്കളിൽ ധാരാളം പേർ ഈ സമയത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു.
ആദ്യത്തെ വട്ടമേശസമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായി സപ്രു, എം. ആർ. ജയക്കർ, വി.എസ്. ശ്രീനിവാസ ശാസ്ത്രി എന്നിവർ കോൺഗ്രസിനെ ക്ഷണിച്ചു. മഹാത്മാഗാന്ധിയും അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പിട്ട ഗാന്ധി - ഇർവിൻ സന്ധി ഫലവത്താവുകയും രണ്ടാം വട്ടമേശസമ്മേളനത്തിലേക്കുള്ള കോൺഗ്രസിന്റെ പ്രധാന പ്രതിനിധി ഗാന്ധിജിയാവുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യം പൂർണസ്വരാജ് ആണെന്ന് കോൺഗ്രസ് ആവർത്തിച്ചു. ഈ യോഗത്തിൽ വച്ചു നടന്ന ചർച്ചകളാണ് പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം പാസാക്കുന്നതിന് പ്രേരകമായത്. രണ്ടാം വട്ടമേശസമ്മേളനത്തിൽ വച്ച് പ്രത്യേക വോട്ടവകാശവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന ഡോ. ബി.ആർ. അംബേദ്കറുമായി ഗാന്ധി വിരോധത്തിലാവുകയുണ്ടായി. എന്നാൽ ഈ പ്രശ്നം 1932-ലെ പൂന സന്ധിയിലൂടെ പരിഹരിക്കപ്പെട്ടു.
മൂന്നാമത്തേതും അവസാനത്തേതുമായ വട്ടമേശസമ്മേളനം. കോൺഗ്രസ് പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഭാവിയിലെ ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ചുള്ള ചില സാമാന്യ തത്വങ്ങൾ ഈ സമ്മേളനം രൂപപ്പെടുത്തി. മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അന്ത്യത്തില്‍ പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം പാസ്സാക്കിയത്. ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായ സാമുവൽ ഹോയറിന്റെ മേൽനോട്ടത്തിൽ ശേഖരിക്കപ്പെട്ട ആശയങ്ങൾ പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിലും ഉപയോഗിക്കപ്പെട്ടു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഒരു 'മുസ്ലിം സ്റ്റേറ്റ്' സ്ഥാപിക്കണമെന്ന് മുസ്ലിം പ്രതിനിധികൾ ആവശ്യപ്പെടുകയുണ്ടായി. ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ (Pakstan) എന്ന പേരും നിർദേശിച്ചിരുന്നു. മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ഇന്ത്യക്കാരൻ ബി.ആർ.അംബേദ്‌കറാണ്. ഡിപ്രസ്ഡ് ക്ലാസ്സിന്റെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുത്തത്.