അബ്കാരി എന്നത് പേർഷ്യൻ പദമാണ്. (ഉർദുവിലും അബ്‌കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം പേർഷ്യയിൽ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു ഇന്ത്യയിൽ മദ്യത്തിന് നികുതി (അബ്‌കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും കേരളത്തിൽ ഈ നികുതി കൊണ്ടുവന്നത് ടിപ്പുവിന്റെയും ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വർദ്ധിപ്പിക്കൽ.
കേരള സംസ്ഥാനത്ത് അബ്കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രധാന നിയമമാണ് 1077-ലെ ഒന്നാം അബ്കാരി നിയമം. 1950-ൽ കേരള സംസ്ഥാനം രൂപീകരിച്ചതിനോടൊപ്പം തന്നെ പ്രൊഹിബിഷൻ ആക്ടും നിലവിൽ വന്നിട്ടുള്ളതാണ്. എന്നാൽ പ്രസ്തുത നിയമം ആയതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സാഷാത്കരിക്കാത്തതിനാൽ SRO No.104/67 നോട്ടിഫിക്കേഷൻ പ്രകാരം സര്‍ക്കാർ പ്രൊഹിബിഷൻ ആക്ട്, 1950-ലെ 1, 7, 11 വകുപ്പുകൾ ഒഴികേയുള്ളവയുടെ തുടർന്നുള്ള നടപ്പാക്കൽ 01/05/1967 തീയതി മുതൽ റദ്ദ് ചെയ്തിട്ടുള്ളതും അബ്കാരി ആക്ടിലെ നിയമ വ്യവസ്ഥകൾ പുനരുജ്ജീവിപ്പിച്ചിട്ടുള്ളതുമാണ്.
പ്രസ്തുത സമയം സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ഥ അബ്കാരി നിയമങ്ങൾ നിലവിലുണ്ടായിരുന്നു. അവ ട്രാവൻകൂർ അബ്കാരി ആക്ട് (തിരുവിതാംകൂറിന് വേണ്ടി), കൊച്ചിൻ അബ്കാരി ആക്ട് (കൊച്ചിക്ക് വേണ്ടി), മദ്രാസ് അബ്കാരി ആക്ട് (മലബാറിന് വേണ്ടി) എന്നിവയായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകമാനം ബാധകമാകുന്ന ഒരു ഏകീകൃത നിയമത്തിന്റെ ആവശ്യകത ഉണ്ടായി. ആയതിനാൽ കൊച്ചിന്‍ അബ്കാരി ആക്ട് ആവശ്യമായ ഭേദഗതികളോടെ 11/05/1697 മുതൽ സംസ്ഥാനത്താകമാനം ബാധകമാക്കുന്നതിന് സർക്കാർ തീരുമാനിച്ചു. 1077 ലെ ഒന്നാം കൊച്ചിൻ അബ്കാരി ആക്ട് സംസ്ഥാനമാകമാനം ബാധകമാക്കിയപ്പോൾ ആയത് 1077 ലെ ഒന്നാം അബ്കാരി ആക്ട് എന്ന് പുനർനാമകരണം ചെയ്തു.
ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ മുഖ്യ പ്രാധാന്യം ആയതിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് നൽകുന്നത്. പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിലേക്ക്, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ നിയന്ത്രിക്കുന്നതിനും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഇറക്കുമതി, കയറ്റുമതി, കടത്ത്, ഉത്പാദനം, വില്പ്പന, കൈവശംവയ്ക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഒരു നിയമമാണ് അബ്കാരി ആക്ട്. നമ്മുടെ ഭരണഘടനയിൽ അനുച്ഛേദം 47–ന്റെ സാന്നിദ്ധ്യവും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിരോധനത്തിനുള്ള വ്യവസ്ഥകൾ സംസ്ഥാന പോളിസിയുടെ മാർഗനിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതും, മദ്യത്തിന്റെ അമിതമായ ഉപയോഗം ഒഴിവാക്കി സമൂഹത്തിൽ സൌഹാർദ്ധവും സമാധാനവും പുലർത്തുന്നത് വഴി പൊതുജന താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ കരുതലുകളാണ്. ആയതിനനുസൃതമായി ഭരണഘടന ലക്ഷ്യം സാദ്ധ്യമാക്കുന്നതിനുള്ള ശക്തമായ നിയമമാണ് കേരളത്തിലെ അബ്കാരി ആക്ട്.